Wednesday, September 24, 2008

പ്രവചനങ്ങള്‍ ബാക്കിയാക്കി, വാരിയര്‍ യാത്രയായി

എടപ്പാള്‍: കേരളത്തിലെ ജ്യോതിഷികളുടെ കുലപതി സ്ഥാനമലങ്കരിച്ചിരുന്ന എടപ്പാള്‍ ശൂലപാണി വാര്യര്‍ (94)അന്തരിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം എടപ്പാള്‍ തലമുണ്ടയിലെ തലമുണ്ട വാര്യത്ത്‌ ആയിരുന്നു അന്ത്യം. സംസ്കാരം നടത്തി. ജൂലായില്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന്‌ തൃശ്ശൂര്‍ അമല ആസ്‌പത്രിയിലും പിന്നീട്‌ എടപ്പാള്‍ ആസ്‌പത്രിയിലും ചികിത്സിച്ച്‌ വീട്ടിലേക്ക്‌ മടങ്ങിയതായിരുന്നു.തലമുണ്ട വാരിയത്ത്‌ പരേതരായ ശൂലപാണിവാര്യരുടെയും ഇട്ടിച്ചിരി വാരസ്യാരുടെയും മകനായി 1915 ജനവരിയില്‍ പിറന്ന ശൂലപാണി രാഷ്ട്രീയത്തിലൂടെയും കവിതയിലൂടെയുമാണ്‌ ജ്യോതിഷരംഗത്തെത്തുന്നത്‌.സ്‌കൂള്‍ വിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്ത ഇദ്ദേഹം പോത്തന്നൂര്‍ ഉണ്ണിക്കണ്ണന്‍ പണിക്കര്‍, കുഞ്ഞുണ്ണി നായര്‍, പെരിങ്ങോടുള്ള എടപ്പാംവീട്ടില്‍ കോപ്പ എഴുത്തച്ഛന്‍ എന്നിവരില്‍ നിന്നാണ്‌ ജ്യോതിഷത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്‌. മണ്ണഴിവളപ്പില്‍ കുട്ടപ്പ അങ്ങുന്നിന്റെ ശിക്ഷണത്തില്‍ സംസ്‌കൃതത്തിലും പാണ്ഡിത്യം നേടി.സ്വാതന്ത്ര്യസമരത്തിലും കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലും സക്രിയമായി പങ്കെടുത്ത ഇദ്ദേഹം നാലപ്പാട്ട്‌ നാരായണമേനോനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്‌ ജ്യോതിഷമാണ്‌ തന്റെ കര്‍മ്മമണ്ഡലമെന്ന്‌ തിരിച്ചറിഞ്ഞത്‌.

ശബരിമല, ചോറ്റാനിക്കര, കാടാമ്പുഴ, കോഴിക്കോട്‌ തളി, കണ്ണൂര്‍ മാടായിക്കാവ്‌, ശുകപുരം ദക്ഷിണാമൂര്‍ത്തി തുടങ്ങി കേരളത്തിലെ പ്രശസ്‌ത ക്ഷേത്രങ്ങളിലെല്ലാം ദേവപ്രശ്‌നങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിച്ച ഇദ്ദേഹം കേരളത്തിനുപുറത്തും ഒട്ടനവധി ദേവപ്രശ്‌നങ്ങള്‍ക്കും കുടുംബപ്രശ്‌നങ്ങള്‍ക്കും കാര്‍മികത്വം നല്‍കി.
കേന്ദ്ര മാനവശേഷി വകുപ്പിന്റെ സംസ്‌കൃത ജ്യോതിഷരത്‌നനം പുരസ്‌കാരം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പുരസ്‌കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.ഭാര്യ: അമ്മിണി വാരസ്യാര്‍. മക്കള്‍: സി.വി. ഗോവിന്ദന്‍(കവി, റിട്ട. അധ്യാപകന്‍), സുബ്രഹ്മണ്യന്‍, ശൂലപാണി (എച്ച്‌.എം. ബേസല്‍ മിഷന്‍ സ്‌കൂള്‍, ഷൊറണൂര്‍), ചന്ദ്രശേഖരന്‍ (അധ്യാപകന്‍, കല്‍പകഞ്ചേരി സ്‌കൂള്‍).മരുമക്കള്‍: തങ്ക, കസ്‌തൂര്‍ഭായി (ആര്‍.ഡി. ഏജന്റ്‌), രമണി, ഗീത.