Tuesday, September 9, 2008

കുന്നക്കുടി വൈദ്യനാഥന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത വയലിന്‍ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥന്‍ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്‌ച രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി പോരൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശവസംസ്‌കാരം ചൊവ്വാഴ്‌ച ചെന്നൈയില്‍. കര്‍ണാടക സംഗീതശാഖയില്‍ സ്വതഃസിദ്ധമായ പരീക്ഷണങ്ങള്‍കൊണ്ട്‌ ജന്മനാടിന്റെ പേരില്‍ സ്വയം അടയാളപ്പെടുത്തിയ കുന്നക്കുടി വൈദ്യനാഥനെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്‌. 1935-ല്‍ രാമസ്വാമി ശാസ്‌ത്രിയുടെയും മീനാക്ഷിയുടെയും മകനായാണ്‌ ജനനം. സംസ്‌കൃതത്തിലും കര്‍ണാട്ടിക്‌ സംഗീതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അച്ഛനായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയത്‌. ചെറിയ പ്രായത്തില്‍ത്തന്നെ സംഗീതത്തില്‍ നേടിയ പ്രാവീണ്യം കുന്നക്കുടിക്ക്‌ 12-ാം വയസ്സില്‍ അരിയക്കുടി, ശെമ്മാങ്കുടി, മഹാരാജപുരം എന്നീ അക്കാലത്തെ ഏറ്റവും പ്രഗല്‌ഭരായ സംഗീതജ്ഞര്‍ക്കൊപ്പം വേദിപങ്കിടാനുള്ള അവസരം നല്‍കി.
വയലിനിലെ വൈദഗ്‌ധ്യവും കൈവഴക്കവും അദ്ദേഹത്തെ സംഗീതവിദഗ്‌ധരുടെ മാത്രമല്ല, സാധാരണക്കാരുടെയും പ്രിയങ്കരനായ സംഗീതജ്ഞനാക്കി മാറ്റി. വയലിനില്‍ സംഗീതത്തിന്റെ ഭിന്നഭാവങ്ങള്‍ മിന്നിമറയുന്ന കുന്നക്കുടിയുടെ സംഗീതം ആസ്വാദകന്റെ ഹൃദയമിടിപ്പ്‌ അറിഞ്ഞുള്ളതായിരുന്നു. ഓര്‍മയില്‍ എന്നെന്നും നിറയുന്ന അവിസ്‌മരണീയമുഹൂര്‍ത്തങ്ങളാണ്‌ വയലിന്‍കച്ചേരികളിലൂടെ അദ്ദേഹം സമ്മാനിച്ചത്‌. സംഗീതചികിത്സയുടെ അത്ഭുതസിദ്ധികളിലും അദ്ദേഹത്തിന്‌ വലിയ വിശ്വാസമുണ്ടായിരുന്നു.
സംഗീതം പോലെത്തന്നെ നെറ്റിയില്‍ എപ്പോഴും മായാത്ത ഭസ്‌മവും കുങ്കുമവും കുന്നക്കുടിയുടെ പ്രസാദാത്മകമായ മുഖമുദ്രയായിരുന്നു. 'കമ്പികളില്‍നിന്ന്‌ സ്വരങ്ങളല്ല, വാക്കുകള്‍ വരണം' എന്ന്‌ കുന്നക്കുടി വിശ്വസിച്ചു. വയലിന്‍പരീക്ഷണങ്ങളില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി വായ്‌പാട്ട്‌ കലാകാരന്മാരോടൊപ്പം വേദിപങ്കിടുന്നത്‌ 1976-ല്‍ കുന്നക്കുടി നിര്‍ത്തി. പിന്നീട്‌ അനേകം വേദികളില്‍ വയലിനിന്റെ മാസ്‌മരികപ്രകടനത്തോടെ ആസ്വാദകരുടെ ഹൃദയങ്ങളില്‍ സ്വന്തമായൊരിടം നേടി. 2005-ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്രം 'അന്യനി'ല്‍ തിരുവൈയാര്‍ സംഗീതോത്സവരംഗത്തില്‍ ഐയെങ്കാറ്‌ വീട്‌ എന്ന ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെട്ടിരുന്നു.