Thursday, November 20, 2008

എം.എന്‍. നമ്പ്യാര്‍ അരങ്ങൊഴിഞ്ഞു

ചെന്നൈ: വില്ലന്‍ വേഷങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തു അരനൂറ്റാണ്ടു നിറഞ്ഞാടിയ എം.എന്‍. നമ്പ്യാര്‍ (92) ചെന്നൈയിലെ സ്വവസതിയില്‍ അന്തരിച്ചു. തമിഴ്‌ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നമ്പ്യാര്‍ 'ജംഗിള്‍' എന്ന ഇംഗ്ലീഷ്‌ ചിത്രം ഉള്‍പ്പടെ ആയിരത്തിലേറെ തമിഴ്‌, മലയാള സിനിമകളില്‍ വേഷമിട്ടു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ സുകുമാരന്‍ നമ്പ്യാര്‍ ഉള്‍പ്പെടെ രണ്ടാണ്‍മക്കളും ഒരു മകളുമുണ്ട്‌. 
മഞ്ചേരി നാരായണന്‍ നമ്പ്യാര്‍ എന്ന എം.എന്‍. നമ്പ്യാര്‍ 1919 മാര്‍ച്ച്‌ ഏഴിനു കണ്ണൂരില്‍ ജനിച്ചു. പതിമൂന്നാം വയസില്‍ നവാബ്‌ രാജമാണിക്യത്തിന്റെ ട്രൂപ്പില്‍ ചേര്‍ന്നതോടെ കലാജീവിതത്തിനു തുടക്കമായി. 1935 ല്‍ പുറത്തിറങ്ങിയ തമിഴ്‌ ഹിന്ദി ഭാഷകളില്‍ നിര്‍മിച്ച ഭക്‌ത രാംദാസിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 
എം.ജി.ആര്‍. സിനിമകളില്‍ സ്‌ഥിരം വില്ലന്‍വേഷങ്ങള്‍ കൈകാര്യം ചെയ്‌തു. ഒട്ടുമിക്ക പഴയകാല നായകരടക്കം- ബാലയ്യ മുതല്‍ ഭാരതീരാജയുടെ മകന്‍ മനോജ്‌ വരെ -തമിഴ്‌ സിനിമയിലെ ഏഴു തലമുറകള്‍ക്കൊപ്പം അഭിനയിച്ചു. സിനിമയില്‍ സ്‌ഥിരം വില്ലനായിരുന്നെങ്കിലും ജീവിതത്തില്‍ തികഞ്ഞ അയ്യപ്പഭക്‌തനും സസ്യഭുക്കുമായിരുന്നു. സെറ്റിലും വീട്ടില്‍ നിന്നുകൊണ്ടുവരുന്ന ആഹാരങ്ങളോടായിരുന്നു പഥ്യം.
65 വര്‍ഷമായി മുടങ്ങാതെ ശബരിമലദര്‍ശനത്തിനെത്തിയിരുന്നു. മഹാഗുരുസ്വാമി എന്നാണ്‌ അയ്യപ്പഭക്‌തര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്‌. തിരക്കേറിയ നടനായ ശേഷം 'നമ്പ്യാര്‍ നാടക മണ്‍ട്രം' എന്ന പേരില്‍ നാടകക്കമ്പനി തുടങ്ങി. എം.ജി.ആറിനൊപ്പം ആയിരത്തിലൊരുവന്‍, ശിവാജി ഗണേശനൊപ്പം അംബികാപതി, ജെമിനി ഗണേശനൊപ്പം മിസിയമ്മ, നെഞ്ചം മരപ്പതില്ലെയ്‌എന്നിവയാണു ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലത്‌. ഉത്തമ പുതിരന്‍, എങ്ക വീട്ടു പിള്ളെ, സര്‍വാധികാരി പല്ലനാട വാഴ്‌കൈ, നിനൈയ്‌ത്താതെ മുടിപ്പവന്‍, ഉലകം ചുറ്റും വാലിബന്‍, രാജ രാജ ചോളന്‍, നെഞ്ചം മറപ്പതില്ലൈ, എന്‍ തമ്പി, പാശൈ മലര്‍, അന്‍പേ വാ തുടങ്ങിയവ പ്രധാനചിത്രങ്ങളാണ്‌. കല്യാണി, കവിത എന്നീ ചിത്രങ്ങളില്‍ നായകനായി. ദിഗംബര സാമിയാര്‍ എന്ന ചിത്രത്തില്‍ പതിനൊന്നു വേഷമിട്ട്‌ ചരിത്രം സൃഷ്‌ടിച്ചു. മലയാളത്തില്‍ സ്വാമി അയ്യപ്പന്‍, തടവറ, തച്ചോളി അമ്പു, ഷാര്‍ജ ടു ഷാര്‍ജ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. 
നാടകം, സീരിയല്‍ രംഗങ്ങളിലും തിളങ്ങി. എം.ആര്‍.രാധയും സാവിത്രിയുമായിരുന്നു ഏറ്റവും പ്രിയതാരങ്ങള്‍