
മലയാള സാഹിത്യത്തില്‍ ശാസ്ത്ര കഥകളുടെ വിസ്മയ ലോകം തീര്‍ത്ത കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ് (81) അന്തരിച്ചു. ആകാശവാണി മുന്‍ ഡയരക്ടരായിരുന്നു . ചെന്നൈ എഗ്‌മൂര്‍ മാര്‍ഷല്‍സ് റോഡിലുള്ള മകള്‍ ശ്രീലതയുടെ വീട്ടില്‍ വെള്ളിയാഴ്‌ച ഉച്ചയോടെയായിരുന്നു അന്ത്യം. അസുഖം കാരണം വിശ്രമത്തിലായിരുന്നു. ശവസംസ്‌കാരം നടന്നു. മള്ളൂര്‍ ഗോവിന്ദപ്പിള്ളയുടെ ചെറുമകള്‍ ഗംഗാദേവിയാണ് ഭാര്യ. ജയശ്രീ, ശ്രീലത, ശ്രീകുമാര്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഹരിദാസ്, ഉഷ. സഹോദരങ്ങള്‍: ആര്‍.എസ്. നായര്‍, കോന്നിയൂര്‍ രാധാകൃഷ്‌ണന്‍. പത്തനംതിട്ട കോന്നി നെല്ലിക്കോട് കുടുംബാംഗമായ നരേന്ദ്രനാഥ് പരേതരായ എം.എന്‍. രാഘവന്‍നായരുടെയും കുഞ്ഞുകൊച്ചമ്മയുടെയും മകനാണ്. 1950ല്‍ കോഴിക്കോട് ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. തുടര്‍ന്ന് തിരുവനന്തപുരം, തൃശ്ശൂര്‍, പോര്‍ട്ട്‌ബ്ലയര്‍, തൃശിനാപ്പള്ളി, ജോധ്‌പുര്‍, ന്യൂഡല്‍ഹി ആകാശവാണി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം, കോഴിക്കോട് ആകാശവാണി കേന്ദ്രങ്ങളില്‍ ഡയറക്ടറായിരുന്നു. ആകാശവാണി ചെന്നൈ നിലയത്തില്‍ ഡയറക്ടര്‍ പദവിയിലിരിക്കവെ 1985 ലാണ് വിരമിച്ചത്. മലയാളത്തില്‍ 40 ഓളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുള്ള നരേന്ദ്രനാഥ് ആനുകാലികങ്ങളില്‍ ശാസ്‌ത്രസംബന്ധിയായ ലേഖനങ്ങള്‍ രചിച്ചുകൊണ്ടാണ് ശ്രദ്ധേയനായത്. 'ചക്രവാളത്തിനപ്പുറം' എന്ന പുസ്‌തകം മലയാളത്തിലെ ആദ്യ സയന്‍സ് ഫിക്ഷന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. 1947 ല്‍ 'ആത്മമിത്രം' എന്ന ചെറുകഥ സമാഹാരമാണ് ആദ്യം പ്രസിദ്ധീകരിച്ച പുസ്‌തകം. 'വരം' എന്ന അദ്ദേഹത്തിന്റെ ശാസ്‌ത്രനോവല്‍ മലയാളത്തിലെ ആദ്യത്തെ സീരിയലായി തിരുവനന്തപുരം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്‌തു. സര്‍ദാര്‍ പണിക്കരെക്കുറിച്ചെഴുതിയ ജീവചരിത്രഗ്രന്ഥത്തിന് അദ്ദേഹത്തിന് 1982-ല്‍ പി.കെ. പരമേശ്വരന്‍നായര്‍ സ്‌മാരക അവാര്‍ഡ് ലഭിച്ചു. സയന്‍സ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകാംഗം, ചെന്നൈയിലെ സെന്‍ട്രല്‍ ഫോര്‍ കണ്ടംപററി സ്റ്റഡീസ് അംഗം, നെഹ്‌റു യുവകേന്ദ്ര തമിഴ്‌നാട് ഘടകം ഉപദേശകസമിതിയംഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ് വിഭാഗം ബോര്‍ഡ് മെമ്പര്‍ തുടങ്ങി വിവിധ തുറകളില്‍ കോന്നിയൂര്‍ നരേന്ദ്രനാഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്